
ജിദ്ദ/ദോഹ : ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി സൗദി അറേബ്യയിലെത്തി. തിങ്കളാഴ്ച ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അമീറിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് നേരിട്ടെത്തി സ്വീകരിച്ചു.
വിമാനത്താവളത്തിലെത്തിയ അമീറിന് അതീവ പ്രാധാന്യത്തോടെയുള്ള സ്വീകരണമാണ് സൗദി അറേബ്യ നൽകിയത്. മേഖലയിലെ നിലവിലെ സുരക്ഷാ വെല്ലുവിളികൾക്കിടയിലാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽ താനി, അമീരി ദിവാൻ ചീഫ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖുലൈഫി എന്നിവരുൾപ്പെടെയുള്ള ഉന്നതതല സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ, ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ എന്നിവ ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയിൽ പ്രധാന വിഷയങ്ങളാകും.
ഇറാഖ് മണ്ണിൽ നിന്നുള്ള ആക്രമണങ്ങൾക്കെതിരെ ആറ് അറബ് രാജ്യങ്ങൾ സംയുക്ത പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയുള്ള അമീറിന്റെ ഈ സന്ദർശനം ഗൾഫ് ഐക്യത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ്.











